തുടക്കത്തിലെ പ്രതിസന്ധികൾ മറികടക്കാനും ഒരു കോടി വിറ്റുവരവും 30% ലാഭവും നേടാൻ കഴിഞ്ഞതോടെ 1000 ഷോപ്പുകൾ എന്ന ലക്ഷ്യത്തിലേയ്ക്കു മുന്നേറുകയാണ് ഈ സംരംഭകൻ.
ഗൾഫിലെ മികച്ച ജോലി രാജിവച്ചു സംരംഭകനാകാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം പറഞ്ഞു, ഇവനെന്തോ കാര്യമായ കുഴപ്പമുണ്ട്. പക്ഷേ, അവരുടെ ആശങ്കകൾക്കു ചെവികൊടുത്തില്ല. തീരുമാനത്തിൽ ഉറച്ചുനിന്നു. രണ്ടു വർഷം പിന്നിടുമ്പോൾ കോവിഡ് പ്രതിസന്ധിയെപ്പോലും മറികടന്നു ‘പ്രിസോമി’ എന്ന ബ്രാൻഡു കെട്ടിപ്പടുക്കാനും ഒരു കോടിയിലധികം വിറ്റുവരവിൽ 30 ശതമാനം ലാഭം എന്ന നിലയിലേക്കു സ്വന്തം സംരംഭത്തെ കൈപിടിച്ചുയർത്താനും കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഈ 35 കാരൻ.‘ഇപ്പോഴും അച്ഛൻ എന്നോടു മിണ്ടാറില്ല. വെറുതെ പൈസ കളയുന്നു എന്നാണു തുടക്കം മുതലേ അദ്ദേഹം പറയുന്നത്.പക്ഷേ, പിൻമാറാൻ ഞാൻ ഒരുക്കമായിരുന്നില്ല. മുന്നോട്ടുവച്ച കാൽ മുന്നോട്ടുതന്നെ,’ ‘പ്രിസോമി’ എന്ന ലേഡീസ് ബോട്ടം വെയർ ബ്രാൻഡിന്റെ ഉടമ എം.പ്രിജു പറയുന്നു. പാലക്കാട് തേങ്കുറിശ്ശി സ്വദേശിയുടെ സ്വന്തം ബിസിനസ് എന്ന സ്വപ്നത്തിന് തുടക്കം കുറിച്ചിട്ട് രണ്ടു വർഷം.