ഫ്‌ളോറിഡയിലേക്ക് താമസം മാറ്റിയതോടെ സാധ്യതകളുടെ ഒരു പുതിയ ലോകം അവള്‍ക്ക് മുന്നില്‍ തുറന്നു.
നിര്‍മിത ബുദ്ധിയുടെ (artificial intelligence-AI) വരവ് ജോലി തെറിപ്പിക്കുമെന്ന് പേടിച്ചവരാണ് ഏറെയും. എന്നാല്‍ ഇതേ നിര്‍മിത ബുദ്ധി ഉപയോഗിച്ച് എങ്ങനെ ഒരു സംരംഭം കെട്ടിപ്പടുക്കാം എന്ന് ചിന്തിച്ചവരും ഇവിടെയുണ്ട്. അവരിലൊരാളാണ് ഇന്ത്യക്കാരിയായ പ്രഞ്ജലി അവസ്തി എന്ന 16 വയസ്സുകാരി. അങ്ങനെ എ.ഐയുമായി കൈകോര്‍ത്ത് പ്രഞ്ജലി തുടങ്ങിയ ഡെല്‍വ്.എ.ഐ (Delv.AI) എന്ന സംരംഭം ഇന്ന് 100 കോടി രൂപയുടെ (12 ദശലക്ഷം ഡോളര്‍) മൂല്യമുള്ള ഒരു വലിയ സ്റ്റാര്‍ട്ടപ്പാണ്. എന്റര്‍പ്രൈസ് ഗവേഷണത്തിനും വികസനത്തിനും എ.ഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സെര്‍ച്ച് പ്ലാറ്റ്ഫോമാണിത്.
കോഡിംഗിലൂടെ സാങ്കേതിക ലോകത്തേക്ക്
പ്രഞ്ജലി അവസ്തി 7 വയസ്സിലാണ് കോഡിംഗ് ആരംഭിക്കുന്നത്. 11 വയസ്സുള്ളപ്പോള്‍ പ്രഞ്ജലിയുടെ കുടുംബം ഇന്ത്യയില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് താമസം മാറ്റിയതോടെ സാധ്യതകളുടെ ഒരു പുതിയ ലോകം പ്രഞ്ജലി അവസ്തിയ്ക്ക് മുന്നില്‍ തുറന്നു. കമ്പ്യൂട്ടര്‍ സയന്‍സ് ക്ലാസുകളിലും മത്സര ഗണിത പ്രോഗ്രാമുകളിലും മികച്ച പ്രകടനം കാഴ്ചവച്ച പ്രഞ്ജലി 13-ാം വയസ്സില്‍ ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ റിസര്‍ച്ച് ലാബില്‍ ഇന്റേണ്‍ഷിപ്പ് നേടിയതോടെ സംരംഭകത്വ യാത്രയ്ക്ക് തുടക്കമായി.
ചാറ്റ് ജിപിടി 3 ബീറ്റ പുറത്തിറങ്ങിയ സമയമായിരുന്നു ഇത്. ഓണ്‍ലൈന്‍ വിവരങ്ങളുടെ വലിയ ലോകത്തില്‍ നിന്ന് ഡാറ്റ എക്സ്ട്രാക്റ്റുചെയ്യാനും സംഗ്രഹിക്കാനും എ.ഐയെ പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് പ്രഞ്ജലി ചിന്തിച്ചു. ഇതോടെയാണ് ഡെല്‍വ്.എ.ഐ എന്ന ആശയമുദിച്ചത്. അങ്ങനെ 2022ല്‍ പ്രഞ്ജലി അവസ്തി യു.എസ് ആസ്ഥാനമായി ഡെല്‍വ്.എ.ഐ സ്ഥാപിച്ചു. ഇന്ന് 10 പേരടങ്ങുന്ന ഒരു ടീം ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ മയാമി ടെക് വീക്കില്‍ ഡെല്‍വ്.എ.ഐ ശ്രദ്ധ നേടിയിരുന്നു.