കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ റജിസ്റ്റർ ചെയ്ത 5000 സ്റ്റാർട്ടപ്പുകളിൽ വനിതകൾ നേതൃത്വം കൊടുക്കുന്നത് 300 എണ്ണം മാത്രം. എന്നാൽ 1500 സ്റ്റാർട്ടപ്പുകളുടെ കോ ഫൗണ്ടേഴ്സ് ലിസ്റ്റിൽ വനിതകളുണ്ട്. കേരള സ്റ്റാർട്ടപ് മിഷൻ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യങ്ങളിൽ ഒന്ന് വനിതകളെ പ്രധാന ഷെയർ ഹോൾഡേഴ്സാക്കി മാറ്റുക എന്നതു കൂടിയാണ്.
വനിതകൾക്ക് 51 ശതമാനമാനത്തിനു മുകളിൽ ഷെയർ ഉള്ള കമ്പനികൾക്ക് കൂടുതൽ ഇൻസെന്റീവ് നൽകുന്നത് പരിഗണനയിലാണ്. അവർക്ക് കൂടുതൽ ഗ്രാൻഡ് അനുവദിക്കും. കൂടുതൽ റിസ്ക് എടുക്കാനുള്ള പ്രയാസമാണ് വനിതകൾ കോ ഫൗണ്ടേഴ്സായി നിൽക്കുന്നതിനു പിന്നിലെന്നു സർവേയിലൂടെ കണ്ടെത്തി. നിലവിലെ വനിതാ സിഇഒമാർ വഴി ക്യാംപെയ്ൻ നടത്തുന്നതും പരിഗണനയിലാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേന്ദ്രയുമായി ചേർന്ന് സ്കൂളുകളിലെ ടിങ്കറിങ് ലാബുകളിലേക്കുള്ള മെഷീനുകൾ കൊച്ചിയിലെ സൂപ്പർഫാബ് ലാബിൽ നിർമിക്കുകയും, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വഴി സ്കൂളുകളിലേക്ക് സിലബസ് നിർമിക്കുകയുമാണ് ഇത്തവണ പ്രധാന ലക്ഷ്യം.
സംസ്ഥാനത്ത് ഇനിയും ആവശ്യമുള്ളത്ര വലിയ ആങ്കർ കമ്പനികൾ എത്തിയിട്ടില്ല. ഏറ്റവും കുറഞ്ഞത് 5 ആങ്കർ കമ്പനികളെങ്കിലും സംസ്ഥാനത്ത് ഉടൻ എത്തണം. അതുമായി ബന്ധപ്പെട്ട് ഒട്ടേറെ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കും. ഐഎസ്ആർഒയുമായി ബന്ധപ്പെട്ട് 150നു മുകളിൽ ചെറു സംരംഭങ്ങൾ തിരുവനന്തപുരത്തുണ്ട്. കേരളത്തെ അപേക്ഷിച്ച് തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്റ്റാർട്ടപ്പുകൾ വളർച്ച നേടുന്നത്, അവിടെ അത്തരം വലിയ കമ്പനികൾ പ്രവർത്തിക്കുന്നതിനാലാണ്.
ശരാശരി 150 സ്റ്റാർട്ടപ്പുകൾ വീതമാണ് നിലവിൽ റജിസ്റ്റർ ചെയ്യുന്നത്. പട്ടികജാതി–വർഗ, കായിക, കാർഷിക, ടൂറിസം വകുപ്പുകളിൽ നിന്ന് അടുത്ത രണ്ടര വർഷത്തിൽ 150 വീതം സ്റ്റാർട്ടപ്പുകളെ പ്രതീക്ഷിക്കുന്നു.