2023 ലെ അവസാന വ്യാപാര ആഴ്ചയിലേക്ക് ഇന്ത്യൻ വിപണി കടക്കുകയാണ്. തിരിഞ്ഞു നോക്കുമ്പോൾ കലണ്ടർ വർഷത്തിൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 17 ശതമാനത്തിന്റെ റിട്ടേൺ നൽകിയിട്ടുണ്ട്. ഭൗമരാഷ്ട്ര പ്രതിസന്ധികളും അമേരിക്കയിലെ ബാങ്കിംഗ് പ്രതിസന്ധിയും അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടുകളും ഈ വർഷത്തിൽ വിപണിയെ ബാധിച്ചു.
ഈ പ്രതീകൂല സാഹചര്യങ്ങളെ മറിടകന്നാണ് സൂചികകൾ നേട്ടമുണ്ടാക്കിയത്. 2024 ലേക്ക് നോക്കുമ്പോൾ മേയിൽ വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പും ബജറ്റും അടക്കമുള്ള വിഷയങ്ങൾ ഇന്ത്യൻ ഇക്വിറ്റി വിപണിയെ സ്വാധീനിക്കും. 2024 ൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഐസിഐസിഐ ഡയറക്ട് ചില ഓഹരികൾ നിർദ്ദേശിക്കുന്നുണ്ട്. ലക്ഷ്യവിലയും സ്റ്റോപ്പ് ലോസും അറിഞ്ഞ് നിക്ഷേപ തന്ത്രം ക്രമീകരിക്കാം.
റിലയൻസ് ഇൻഡസ്ട്രീസ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസ് 2023 കലണ്ടർ വർഷത്തിൽ 0.70 ശതമാനം റിട്ടേൺ മാത്രമാണ് നൽകിയത്. ഇക്കാലയളവിൽ 17 ശതമാനമാണ് നിഫ്റ്റിയുടെ വളർച്ച. അടുത്ത വർഷം ഓഹരിക്ക് അനുകൂലമായിരിക്കുമെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ നിഗമനം. ഓഹരി 18 ശതമാനം വരെ റാലി ചെയ്യാനാണ് സാധ്യത. നിക്ഷേപകർക്ക് 3,030 രൂപ ലക്ഷ്യമാക്കി 2,500-2,575 രൂപ പരിധിയിൽ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജിന്റെ നിർദ്ദേശം. ഓഹരിക്കുള്ള പിന്തുണ 2,220 രൂപയാണ്.
ഹിൻഡാൽകോ
ആദിത്യ ബിർള ഗ്രൂപ്പിന് കീഴിലുള്ള അലൂമിനിയം, കോപ്പർ നിർമാണ കമ്പനിയാണ് ഹിൻഡാൽകോ. കലണ്ടർ വർഷത്തിൽ നിഫ്റ്റിക്ക് സമാനമായ 17 ശതമാനം വളർച്ചയാണ് ഓഹരി കാഴ്ചവെച്ചത്. നിക്ഷേപകർക്ക് 545-575 രൂപ പരിധിയിൽ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് നിർദ്ദേശിക്കുന്നത്. 675 രൂപയാണ് ഓഹരിക്ക് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില. നിലവിലെ നിലവാരത്തേക്കാൾ 19 ശതമാനം നേട്ടമാണിത്. 456 രൂപയിൽ സ്റ്റോപ്പ് ലോസ് കരുതാനും ബ്രോക്കറേജ് നിർദ്ദേശിക്കുന്നു.
ടെക് മഹീന്ദ്ര
മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായുള്ള ഐടി കമ്പനിയാണ് ടെക് മഹീന്ദ്ര. ഐടി സേവനങ്ങളും കൺസൾട്ടേഷനുമാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഐടി ഓഹരികളിൽ 26 ശതമാനം റിട്ടേണുമായി ഈ വർഷം മികച്ച പ്രകടനം കാഴ്ചവച്ച ഓഹരികളിൽ ഒന്നാണിത്. ഐസിഐസിഐ ഡയറക്റ്റ് 1,500 രൂപ ലക്ഷ്യമാക്കി 1,220-1,285 രൂപ നിലവാരത്തിൽ ഓഹരികൾ വാങ്ങൽ നിർദ്ദേശിക്കുന്നുണ്ട്. 18 ശതമാനമാണ് മുന്നേറ്റ സാധ്യത. സ്റ്റോപ്പ് ലോസ് 1,095 രൂപ.
പഞ്ചാബ് നാഷണൽ ബാങ്ക്
പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് ഈ കലണ്ടർ വർഷം ഇതിനോടകം തന്നെ 50 ശതമാനത്തിലധികം ഉയർന്നു. 2024 ലും വളർച്ച സാധ്യത കാണുന്ന ഓഹരി 85-92 രൂപ പരിധിയിൽ വാങ്ങാമെന്നാണ് ബ്രോക്കറേജ് നിർദ്ദേശിക്കുന്നത്. 112 രൂപയാണ് ഐസിഐസിഐ ഡയറക്ട് നൽകുന്ന ലക്ഷ്യവില. 78 രൂപയിലാണ് ഓഹരിക്ക് പിന്തുണയുള്ളത്.
ഗ്ലാക്സോ ഫാർമ
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ റിസർച്ച് കമ്പനിയായ ഗ്ലാക്സോ ഫാർമ 2023ൽ 33 ശതമാനം റിട്ടേൺ നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. 2024 ൽ ഗ്ലാക്സോ ഫാർമ 2,180 രൂപയിലേക്ക് ഉയരുമെന്നാണ് ബ്രോക്കറജ് സ്ഥാപനം വിലയിരുത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഐസിഐസിഐ ഡയറക്ട് 1,690-1,770 രൂപ നിലവാരത്തിൽ ഓഹരികൾ വാങ്ങാനും 1,540 രൂപയിൽ സ്റ്റോപ്പ് ക്രമീകരിക്കാനും നിർദ്ദേശിക്കുന്നു.
എൽഐസി ഹൗസിംഗ് ഫിനാൻസ്
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമാണ് എൽഐസി ഹൗസിംഗ് ഫിനാൻസ്. ഈ വർഷം 22 ശതമാനം റിട്ടേൺ നൽകിയതിനൊപ്പം 2024 ലും ഓഹരി മുന്നേറുമെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ വിലയിരുത്തൽ. 30 ശതമാനം നേട്ടം പ്രവചിക്കുന്ന ഓഹരിക്ക് ഐസിഐസിഐ ഡയറക്റ്റ് 670 രൂപ ലക്ഷ്യവില നൽകുന്നുണ്ട്. 490-525 രൂപ പരിധിയിൽ ഓഹരി വാങ്ങാനും 450 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാനും ബ്രോക്കറേജ് നിർദ്ദേശിക്കുന്നു.
അരവിന്ദ് ഫാഷൻ
ഇന്ത്യയിലെ മുൻനിര ലൈഫ്സൈറ്റൽ കമ്പനിയാണ് അരവിന്ദ് ഫാഷൻ, ഫ്ലൈയിംഗ് മെഷിൻ, ആറോ തുടങ്ങിയ ബ്രാൻഡുകൾ കമ്പനിക്ക് കീഴിലാണ്. അരവിന്ദ് ഫാഷൻ ഓഹരികൾ 2024 ൽ 29 ശതമാനം വരെ മുന്നേറാനുള്ള സാധ്യതയാണ് ബ്രോക്കറേജ് നൽകുന്നത്. 390-420 രൂപയിൽ വാങ്ങാൻ നിർദ്ദേശിക്കുന്ന ഓഹരിയുടെ ലക്ഷ്യവില 525 രൂപയാണ്. സ്റ്റോപ്പ് ലോസ് 335 രൂപയായി ക്രമീകരിക്കണം.
അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.