ബിസിനസ് തകര്‍ച്ച സമ്മാനിച്ച കോടികളുടെ കടത്തില്‍ നിന്ന് രണ്ട് പേറ്റന്റ് ഉല്‍പ്പന്നങ്ങളിലൂടെ വിപണി പിടിച്ച് രാജ്യാന്തര തലത്തിലേക്ക് ബിസിനസ് വളര്‍ത്തുകയാണ് പെരുമ്പാവൂരിലെ സംരംഭകന്‍ മിന്റോ സാബു.
ഈ രാത്രി പുലരാതിരുന്നെങ്കില്‍! ഭാര്യ സൂസന്റെ കൈകള്‍ നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് ഇരുട്ടിനെ നോക്കി പ്രാര്‍ത്ഥിച്ചിട്ടുണ്ട് മിന്റോ സാബു. നേരം വെളുക്കുമ്പോള്‍ പലര്‍ക്കും മറുപടി കൊടുക്കേണ്ടി വരും. എല്ലാം കൊടുത്തുതീര്‍ക്കാനുള്ള പണത്തിന്റെ കാര്യം തന്നെ. നല്ല രീതിയില്‍ നടന്ന ബിസിനസ് എട്ട് നിലയില്‍ പൊട്ടി, കോടികളുടെ കടം സ്വന്തം തലയില്‍ വീണ് ഒറ്റപ്പെട്ട് പോയ മിന്റോ സാബു ഇന്ന് രണ്ട് പേറ്റന്റ് ഉല്‍പ്പന്നങ്ങളുമായി ഇന്ത്യക്കകത്തും പുറത്തും അക്ഷരാര്‍ത്ഥത്തില്‍ വിപണിയില്‍ ആഴ്ന്നിറങ്ങിയിരിക്കുകയാണ്. അതും രണ്ട് വിഭിന്ന മേഖലകളില്‍. ഓരോ വീട്ടിലെ അടുക്കളയിലേക്കും വേണ്ട ഉല്‍പ്പന്നങ്ങളുമായി ഗ്രാനോവെയറിലൂടെയും റൂഫ് ടൈല്‍ രംഗത്ത് ഇന്നൊവേറ്റീവ് ബ്രാന്‍ഡായ ഗ്രാനോ നാനോ സെറാമിക്കിലൂടെയും!
2025ഓടെ 100 കോടി രൂപ വിറ്റുവരവുള്ള കമ്പനിയായി ഗ്രാനോ മാറുമെന്ന് ആത്മവിശ്വാസത്തോടെ മിന്റോ സാബു പറയുന്നു. പ്ലാസ്റ്റിക്കിനും മെലാമൈനിനും ബദലായുള്ള മിനറല്‍ ഫില്‍ഡ് പോളിമെറില്‍ നിര്‍മിച്ച ഡിന്നര്‍ സെറ്റുകള്‍ മുതലുള്ള അടുക്കള ഉപകരണങ്ങള്‍, ഏത് കാലാവസ്ഥയെയും പ്രതിരോധിച്ച് ദീര്‍ഘകാലം നിലനില്‍ക്കുന്ന തീരെ ഭാരം കുറഞ്ഞ റൂഫിംഗ് ടൈലുകള്‍ എന്നിവ മിന്റോ സാബുവിന്റെ ഗ്രാനോ കമ്പനിയുടെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത് പേറ്റന്റ് സമ്പാദിച്ചെടുത്തതാണ്.
വിപണി പിടിച്ച എട്ടുകാലി തന്ത്രം!
ഒരു പരിചയവുമില്ലാത്ത വിപണിയില്‍, അതും വമ്പന്മാര്‍ വാഴുന്ന മേഖലയില്‍ എങ്ങനെ വിപണി പിടിക്കാം? നാനോ സെറാമിക് റൂഫിംഗ് ടൈല്‍ രംഗത്ത് മിന്റോ സാബു പരീക്ഷിക്കുന്ന വഴികളിലുണ്ട് ഇതിനുള്ള ഉത്തരം. പുതിയൊരു റൂഫ് ടൈല്‍ പരിചയപ്പെടുത്തി അത് വാങ്ങിപ്പിക്കല്‍ അസാധ്യമായിരുന്നു. ഉല്‍പ്പന്നം വികസിപ്പിച്ചെടുത്തതോ കോവിഡ് കാലത്തും.
മിന്റോയുടെ മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ തന്നെയാണ് ഗ്രാനോയുടെ കരുത്തെന്ന് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി നവീന്‍ അഭിപ്രായപ്പെടുന്നു. ബിസിനസുമായി ചേര്‍ന്നുനില്‍ക്കുന്ന ഏവരെയും ഉള്‍ച്ചേര്‍ത്തുള്ള ശൈലിയായതിനാല്‍ എല്ലാതലത്തിലും ശാക്തീകരണവും സാധ്യമാകുന്നുണ്ട്. തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുമായി ചേര്‍ന്ന് ഗ്രാനോവെയറിന്റെ വിപണനശൃംഖല വ്യാപിപ്പിക്കാനുള്ള നീക്കമൊക്കെ അതിന്റെ ഭാഗമാണ്. ബിസിനസില്‍ എന്ത് പ്രശ്‌നം വന്നാലും മിന്റോ ജീവനക്കാരുടെ വേതനം മുടക്കാറുമില്ല. അസംസ്‌കൃത വസ്തുക്കള്‍ റിഫൈനറികളില്‍ നിന്ന് നേരിട്ട് സംഭരിച്ച് ഉല്‍പ്പന്നം നിര്‍മിച്ച് വിപണിയിലെത്തിച്ച് വില്‍ക്കുന്ന ഗ്രാനോ ക്യാഷ് സൈക്കിള്‍ മാനേജ്‌മെന്റും കൃത്യമായ രീതിയില്‍ തന്നെയാണ് കൊണ്ടുപോകുന്നത്.