പരസ്യങ്ങളുടെ കുത്തൊഴുക്കിലും വേറിട്ട തന്ത്രങ്ങളിലൂടെ ബ്രാന്‍ഡുകളെ ജനങ്ങളിലേക്കെത്തിക്കുകയും മാര്‍ക്കറ്റിംഗിന്റെ ഭാഗമാക്കുക വഴി സാധാരണക്കാര്‍ക്കും വരുമാനം നേടാന്‍ അവസരമൊരുക്കുകയാണ് ഈ കേരള സ്റ്റാര്‍ട്ടപ്പ്. ഇന്നത്തെ എല്ലാ ബ്രാന്‍ഡ് പ്രൊമോഷന്‍ സ്ട്രാറ്റജികളും പൊതുവെ ബ്രോഡ്കാസ്റ്റിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ പ്രിയപ്പെട്ടവരോ അല്ലെങ്കില്‍ വര്‍ഷങ്ങളായി നിങ്ങള്‍ക്ക് അറിയുന്നവരോ ആണ് ഒരു ഉല്‍പ്പന്നത്തെ കുറിച്ച് നിങ്ങളോട് സംവദിക്കുന്നതെങ്കില്‍ കുറച്ചുകൂടി വിശ്വാസ്യത തോന്നില്ലെ? അതെ, അതാണ് ‘കഥ ആഡ്‌സ്’ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയെ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് മേഖലയില്‍ വ്യത്യസ്തമാക്കുന്നത്. ഇവിടെ നമ്മളോരോരുത്തരും ബ്രാന്‍ഡുകളുടെ ഇന്‍ഫ്‌ളുവന്‍സര്‍മാരായി മാറുകയാണ്. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാണ് ഇവിടെ പരസ്യമാധ്യമമായി ഉപയോഗിക്കുന്നത്.
കാസര്‍ഗോഡ് സ്വദേശിയായ ഇഷാന്‍ മുഹമ്മദ് ബിറ്റ്‌സ് പിലാനിയിലെ (ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്) സഹപാഠിയായ ഹര്‍ഷ് വര്‍ധനുമായി ചേര്‍ന്നാണ് കഥ ഇന്‍ഫോകോം പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭത്തിന് 2021 സെപ്റ്റംബറില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് 2022 നവംബറില്‍ കഥ ആഡ്‌സിലേക്ക് ചുവടുവെച്ചു. പ്രവര്‍ത്തനമാരംഭിച്ച് ഒരുവര്‍ഷം കൊണ്ടുതന്നെ കഥ ആഡ്‌സ് പ്ലാറ്റ്‌ഫോമിന് രണ്ട് കോടിയിലധികം മലയാളികളിലേക്ക് കടന്നുചെല്ലാനായി.
ഓരോ ഉപഭോക്താവും ബ്രാന്‍ഡിന്റെ വക്താവായിമാറുകയാണ്. അതുകൊണ്ട് തന്നെ വിശ്വാസ്യത കൂടുകയും ചെയ്യും. കൂട്ടുകാര്‍, കുടുംബം എന്നിവരിലേക്കൊക്കെ കടന്നുചെല്ലാന്‍ ഇതുവഴി സാധിക്കും. ബ്രാന്‍ഡുകളെ അവരുടെ യഥാര്‍ത്ഥ ഉപഭോക്താവിന്റെ അടുത്തേക്ക് എത്തിക്കുകയും അതുവഴി ഉപയോക്താക്കളെ മികച്ച തിരഞ്ഞെടുപ്പുകള്‍ക്ക് സഹായിക്കുകയുമാണ് കഥ ആഡ്‌സിന്റെ ലക്ഷ്യം. നിലവില്‍ കേരളത്തില്‍ മാത്രമാണ് പ്രവര്‍ത്തനം. അധികം വൈകാതെ തമിഴ്‌നാട്ടിലേക്കും 2025ഓടെ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ഇവര്‍ പറയുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കഥ ആഡ്‌സിന് കേരള സര്‍ക്കാരിന്റെ 2023ലെ ഇന്നൊവേഷന്‍ ഗ്രാന്റും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ടും ലഭിച്ചിട്ടുണ്ട്.